വിഴിഞ്ഞം: സമര സമിതിയുടെ ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രദേശത്തെ സമരസമിതിയുമായും കമ്പനിയുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ താല്‍പര്യം സംരക്ഷിച്ചു മുന്നോട്ടു പോകും. പദ്ധതിക്ക് കാലതാമസം വരും എന്ന കമ്പനി വാദം നിലവിലെ സാഹചര്യത്തില്‍ മുഖവിലക്ക് എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
‘സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു. സമര സമിതി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു. അവര്‍ സഹകരിക്കും എന്നാണ് പ്രതീക്ഷ. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യും. സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കണമെന്നായിരുന്നു തീരുമാനം. പണികള്‍ ദ്രുതഗതിയിലായിരുന്നു. ഈ സമയത്തായിരുന്നു സമരം’, അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ഇതോടൊപ്പം തന്നെ കോടികള്‍ ചെലവഴിച്ച പദ്ധതിയാണെന്നും അത് ഉപേക്ഷിക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി. മുമ്പ് ജോലികള്‍ക്ക് വേഗം പോരെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ എല്ലാ വിഷയത്തിലും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരപ്പന്തല്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. പക്ഷെ സമരപ്പന്തല്‍ പൊളിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് സമരസമിതി പറയുന്നു.