സർട്ടിഫിക്കറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെ എംജി സർവകലാശാല സസ്പെന്റ് ചെയ്തു

single-img
21 June 2023

കോട്ടയം എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെ സർവകലാശാല സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഔദ്യോഗിക ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തി എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയും സസ്പെന്റ് ചെയ്തതെന്നാണ് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചത്.

അതേസമയം, രണ്ട് ഉദ്യോഗസ്ഥരുടെയും പേര് വിവരം സർവകലാശാല മറച്ചുവെച്ചു. അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്നും വിസി അറിയിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.നിലവിലെ സെക്ഷൻ ഓഫീസറാണ് സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് പേരിൽ സർട്ടിഫിക്കറ്റുകൾ കാണാതായെന്ന് കണ്ടെത്തിയത്. ജൂൺ 2 ന് പിഡി 5 സെക്ഷനിൽ ചുമതലയേറ്റ സെക്ഷൻ ഓഫീസറാണ് ഇദ്ദേഹം.

ജൂൺ 15 നാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം ഇദ്ദേഹം കണ്ടെത്തിയത്. അന്നു തന്നെ ഇദ്ദേഹം വിവരം പരീക്ഷാ കൺട്രോളറെ അറിയിച്ചിരുന്നു.അതേസമയം കാണാതായ രണ്ട് സർട്ടിഫിക്കറ്റുകൾ സെക്ഷനിലെ താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, ഇവർക്കെതിരെ നടപടിയെടുക്കുമോയെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുമില്ല. ജൂൺ 2 വരെ സെക്ഷൻ ഓഫീസറായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.