തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമം: ആനത്തലവട്ടം ആനന്ദൻ

single-img
1 October 2022

തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം കാര്യം മാത്രം നോക്കുന്നവനല്ല തൊഴിലാളി. സമൂഹത്തിലെ നാനാവിഭാഗം ആളുകളുടെയും കാര്യങ്ങൾ നോക്കുന്നവരാണ്‌ തൊഴിലാളികൾ. ആ തൊഴിലാളികളാണ്‌ നാടിന്റെ സ്വാതന്ത്ര്യത്തിനായി സർ സി പിയുടെ പട്ടാളത്തോട്‌ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്‌. ഇന്ന്‌ രാജ്യത്ത്‌ കാണുന്ന സകല വളർച്ചയും നിർമിതിയും തൊഴിലാളിയുടെ അധ്വാനത്തിന്റെ ഫലമാണ്‌. മണ്ണിനടിയിൽ കിടന്ന സമ്പത്ത്‌ രാജ്യസമ്പത്താക്കി മാറ്റിയത്‌ തൊഴിലാളകളാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിനായി ജീവത്യാഗം ചെയ്‌തത്‌ തൊഴിലാളികളാണ്‌. മറ്റാരാണ്‌ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിക്കുന്നത്‌. അവരെയാണ്‌ നാടിന്റെ ശത്രുവെന്ന്‌ അധിക്ഷേപിക്കുന്നത്‌. മാധ്യമങ്ങളും തൊഴിലാളികളെ ശത്രുക്കളാക്കി വികൃതമായി ചിത്രീകരിക്കാൻ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍. ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരുമല ‘പുലരി’യില്‍ സുരേഷ് കുമാറിനെയാണ് (52) കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറും ഷാഡോ ടീമും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തിരുമലയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന.