ഒരു ഉപയോക്താവിന് പരമാവധി 200 ലിറ്റര്‍വരെ ഡീസലും 5000 രൂപ വരെ പെട്രോളും; സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ വിതരണ നിയന്ത്രണം

single-img
13 May 2026

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ മൊത്തവില്‍പ്പന നിയന്ത്രിക്കണമെന്ന നിര്‍ദേശവുമായി എണ്ണക്കമ്പനികള്‍. ഒരു ഉപയോക്താവിന് പരമാവധി 200 ലിറ്റര്‍വരെ ഡീസലും 5000 രൂപ വരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകള്‍ക്ക് എണ്ണക്കമ്പനികളുടെ നിര്‍ദേശം. ഇന്ധനവില വര്‍ധനയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നിയന്ത്രണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശരാശരി വില്‍പ്പന കണക്കാക്കി പരിമിതമായ ദിവസങ്ങള്‍ക്കുള്ള ഇന്ധന ശേഖരമാണ് ആഴ്ചകളായി പമ്പ് ഉടമകള്‍ക്ക് ഇന്ധനക്കമ്പനികള്‍ നല്‍കുന്നത്. ക്രെഡിറ്റ് സംവിധാനം ഒഴിവാക്കിയതോടെ വാങ്ങുന്ന സ്റ്റോക്കിന് അനുസൃതമായ തുക മുന്‍കൂറായി നല്‍കണമെന്ന വ്യവസ്ഥയും പമ്പുകളിലെ ഇന്ധന ശേഖരത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് 2500 പെട്രോള്‍ പമ്പുകളാണുള്ളത്. നിലവില്‍ രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് വരെയാണ് പമ്പുകള്‍ക്ക് അനുവദിക്കുന്നത്.

12,000, 14,000, 24,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കറിലാണ് പമ്പിലേക്ക് ഇന്ധനം എത്തിക്കുന്നത്. 12,000 ലിറ്ററിന്റെ ടാങ്കറില്‍ ഇന്ധനമെത്തിക്കുന്ന പമ്പില്‍, വില്‍പ്പന അനുസരിച്ച് 8000 ലിറ്റര്‍ ഡീസല്‍, 4000 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ എത്തിക്കാനാകും.ഒരു പമ്പില്‍ ദിവസേന ശരാശരി 2000 ലിറ്റര്‍ പെട്രോളും 5000 ലിറ്റര്‍ ഡീസലും വില്‍ക്കുമെന്നാണ് കണക്ക്.നഗര-ഗ്രാമ പ്രദേശത്തിന് അനുസരിച്ച് പെട്രോള്‍ 8000 ലിറ്റര്‍വരെയും ഡീസല്‍ 10,000 ലിറ്റര്‍വരെയും വിറ്റുപോകുന്ന പമ്പുകളുമുണ്ട്. പമ്പുകള്‍ ‘സ്റ്റോക്ക്ഔട്ട്’ ആകാതെ വില്‍പ്പന നീട്ടാനാണ് നിലവിലെ നിയന്ത്രണം. പമ്പുകള്‍ക്ക് ഇന്ധനം നല്‍കുന്നതില്‍ നിലവില്‍ നിയന്ത്രണം ഇല്ലെന്നാണ് ഇന്ധനക്കമ്പനികള്‍ വ്യക്തമാക്കുന്നത്.