സോഷ്യൽ മീഡിയ പിന്തുണ സിപിഎമ്മുകാരുടേതല്ല; അർജുൻ ആയങ്കി വിഷയത്തിൽ ഇ.പി. ജയരാജൻ

single-img
10 August 2026

വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാധാരണ സംഭവമായി അവതരിപ്പിക്കുകയാണെന്നും, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ സിപിഎം പ്രവർത്തകരാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ കർഷക തൊഴിലാളികൾ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി. ജയരാജൻ. അർജുൻ ആയങ്കിക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പിന്തുണയ്ക്ക് പിന്നിൽ ആസൂത്രിതമായ പ്രവർത്തനങ്ങളും ഏകോപിത ശൃംഖലകളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സംബന്ധിച്ചും പ്രതികരിച്ച ജയരാജൻ, ജനങ്ങളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് അഭിപ്രായപ്പെട്ടു. അറസ്റ്റ് നടന്നില്ലെങ്കിൽ ശക്തമായ ജനവികാരം ഉയർന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും, സോഷ്യൽ മീഡിയ പ്രചാരണങ്ങളെ അടിസ്ഥാനമാക്കി പാർട്ടിയെ വിലയിരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസ് ശക്തമായ സംവിധാനമാണെന്ന് എല്ലാവർക്കും അറിയാമെന്നും, അതിൽ മാറ്റമുണ്ടായോ എന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.