സർക്കാർ ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി

single-img
3 June 2026

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. ആറ്റിങ്ങൽ എംഎൽഎ വി. ജോയ് ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

അധികാരം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റങ്ങൾ നടത്തിയത് നാണംകെട്ട പരിപാടിയാണെന്നും, സർക്കാർ പരസ്യമായി ബന്ധുനിയമനം നടത്തുകയാണെന്നും വി. ജോയ് ആരോപിച്ചു. മുനമ്പം നിവാസികളെയും ആശാ വർക്കർമാരെയും സർക്കാർ പറ്റിച്ചതായും അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.

വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തിയാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ആരോപിച്ചു. ഈ മാറ്റങ്ങൾ പൊതുതാത്പര്യപ്രകാരമല്ലെന്ന് കണ്ടതുകൊണ്ടാണ് ട്രിബ്യൂണൽ ഇത് സ്റ്റേ ചെയ്തതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

‘സ്ഥാപിത താല്പര്യക്കാരെ അഴിഞ്ഞാടാൻ വിട്ടാൽ അധികാരത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാരും ദല്ലാളന്മാരും ആധിപത്യം സ്ഥാപിക്കും. ഇത് വലിയ അഴിമതിക്ക് വഴിയൊരുക്കും. കുടുംബശ്രീയിൽ നോട്ടീസ് പോലും നൽകാതെ ജീവനക്കാരെ പിരിച്ചുവിടുന്നത് മനുഷ്യത്വരഹിതമാണ്. ഭരണമാറ്റത്തിന്റെ പേരിൽ ഇത്തരം അനീതികൾ ന്യായീകരിക്കരുത്’, പിണറായി വിജയൻ വ്യക്തമാക്കി.

എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, ഭരണരംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വേണ്ടിയാണ് സ്ഥലംമാറ്റങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു.