പോലീസ് കസ്റ്റഡിയിൽ മനോഹരന്റെ മരണം ഹൃദയാഘാതം കാരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

single-img
26 March 2023

തൃപ്പുണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇദ്ദേഹത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനോഹരന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. നിലവിൽ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്നത്.

അതേസമയം, മനോഹരനെ പൊലീസ് മര്‍ദ്ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ശനിയാഴ്ച രാത്രിയിൽ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന ശേഷമായിരുന്നു മര്‍ദ്ദനമെന്നും. ഇതിനു ശേഷമാണ് മനോഹരനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനാൽ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കാരണത്താലാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിൽ ഇരിക്കവേ മനോഹരന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.