വിവാഹാഭ്യ‌ർഥന നിരസിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകർക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

single-img
26 December 2022

മധ്യപ്രദേശിൽ വിവാഹാഭ്യ‌ർഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകർക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിർദ്ദേശം. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം പ്രതിയായ 24കാരനായ പങ്കജ് ത്രിപാഠിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൂർണ്ണമായും തകർത്തു.

നടുറോഡിലെ മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വീട് ഇടിച്ചു നിരത്താനായി ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ അയയ്ക്കുകയും പോലീസ് സന്നാഹത്തോടെ വീട് പൂര്‍ണമായും പൊളിക്കുകയും ചെയ്തു. ഡ്രൈവിങ്ങിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന പങ്കജിന്റെ ലൈസന്‍സും പോലീസ് റദ്ദാക്കി.

നടുറോഡിലെ മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ അടിയേറ്റ യുവതി ബോധരഹിതയായി കിടക്കുന്നത് കാണാം. നാട്ടുകാരാണ് പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചത്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് മര്‍ദിക്കാന്‍ കാരണമെന്ന് യുവാവ് മൊഴി നല്‍കിയതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ നവീൻ ദുബെ പറഞ്ഞു. മര്‍ദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. മൊബൈലിൽ മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

അതെ സമയം പങ്കജിനെതിരെ തുടക്കത്തില്‍ കേസെടുക്കാത്തതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.