വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലൻ; ചിത്രീകരണം ആരംഭിച്ചു

single-img
2 October 2024

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലെ ഏഴാമത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിനായകന്‍ നായകനാകുന്ന ഈ സിനിമയിൽ മമ്മൂട്ടി വില്ലനായാണ് എത്തുന്നത് . തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ഷൂട്ട് ആരംഭിച്ച വിവരം മമ്മൂട്ടി തന്നെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്തു കൊണ്ട് അറിയിച്ചിരിക്കുന്നത്.

ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ മാസം 25ന് ആണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ എന്ന സിനിമയുടെ സഹരചയിതാവായിരുന്നു ജിതിന്‍.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടെതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. പൂർണ്ണമായ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആകും സംഗീതം ഒരുക്കുക.

അതേസമയം, ഈ ചിത്രത്തില്‍ ഗൗതം മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും വേഷമിടും എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.