ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ്; സിപിഎം ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചു മല്ലികാർജുൻ ഖാർഗെ

single-img
11 January 2023

രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം. സമാപന ചടങ്ങിലേക്ക് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്.

പ്രധാന പ്രതിപക്ഷ പാർട്ടികളായ സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനുവരി 30 ന് ശ്രീനഗറിലാണ് യാത്രയുടെ സമാപനം നടക്കുക.

2022 സെപ്തംബർ 7 ാം തിയതി കന്യാകുമാരിയിൽ നിന്നും കേരളത്തിലൂടെ ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിൽ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്.