ട്രംപിന്റെ ക്രിപ്റ്റോ സംരംഭത്തിന് വൻ തിരിച്ചടി; ഡബ്ല്യുഎൽഎഫ്ഐ ടോക്കണിന് 50 ശതമാനം ഇടിവ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ക്രിപ്റ്റോകറൻസി സംരംഭമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ കടുത്ത പ്രതിസന്ധിയിൽ. കമ്പനിയുടെ പ്രധാന ടോക്കണായ ഡബ്ല്യുഎൽഎഫ്ഐയുടെ മൂല്യം നവംബർ 27ന് ഒറ്റ ദിവസം കൊണ്ട് ഏകദേശം 50 ശതമാനത്തോളം ഇടിഞ്ഞു. 2025 സെപ്റ്റംബറിൽ വ്യാപാരം ആരംഭിച്ച ടോക്കണിന് ഇതുവരെ പ്രാരംഭ മൂല്യത്തിന്റെ 90 ശതമാനത്തിലധികം നഷ്ടമായതായാണ് റിപ്പോർട്ട്.
ടോക്കണിന്റെ വിലയിടിവിന് പിന്നാലെ കമ്പനിയുടെ യുഎസ്ഡി1 സ്റ്റേബിൾകോയിനും നിശ്ചിതമായ ഒരു ഡോളർ മൂല്യത്തിന് താഴെയെത്തി. വിപണിയിലെ തകർച്ചയ്ക്ക് കാരണം നിക്ഷേപകരുടെ പെർപെച്വൽ ഫ്യൂച്ചേഴ്സ് പൊസിഷനുകൾ ബിനാൻസ് യാന്ത്രികമായി അടച്ചുപൂട്ടിയതാണെന്നാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യലിന്റെ ആരോപണം. എന്നാൽ, വിപണിയിലെ പ്രവർത്തനങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് മുൻഗണനയെന്നും ബിനാൻസ് വ്യക്തമാക്കി.
പ്രതിസന്ധിക്കിടെ കടബാധ്യത കുറയ്ക്കുന്നതിനായി ചില ക്രിപ്റ്റോ ആസ്തികൾ വിറ്റഴിച്ചതായും വായ്പാ പൊസിഷനുകൾ പുനഃക്രമീകരിച്ചതായും കമ്പനി അറിയിച്ചു. എന്നാൽ സ്വന്തം ഡബ്ല്യുഎൽഎഫ്ഐ ടോക്കണുകൾ വിറ്റിട്ടില്ലെന്നും യുഎസ്ഡി1 സ്റ്റേബിൾകോയിനിന്റെ കരുതൽ ധനം സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനിടെ, യുഎസ്ഡി1 സ്റ്റേബിൾകോയിൻ ഉപയോഗിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകൾ നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ 2026 ജനുവരിയിൽ പാകിസ്ഥാൻ സർക്കാർ വേൾഡ് ലിബർട്ടി ഫിനാൻഷ്യലിന്റെ അഫിലിയേറ്റ് സ്ഥാപനവുമായി ധാരണാപത്രം ഒപ്പിട്ടതും വീണ്ടും ചർച്ചയായിട്ടുണ്ട്.


