സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിൽ വൻമാറ്റം; വീടുകളിലെ വിതരണം അവസാനിപ്പിച്ച് സർക്കാർ

single-img
6 August 2026

സംസ്ഥാനത്തെ സാമൂഹ്യ ക്ഷേേമ പെൻഷൻ വിതരണ സംവിധാനത്തിൽ നിർണായക മാറ്റം വരുത്തി സർക്കാർ. സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ച് പെൻഷൻ വിതരണം ചെയ്യുന്ന രീതി അവസാനിപ്പിച്ച്, ഇനി മുതൽ വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴിയാകും പെൻഷൻ വിതരണം.

പെൻഷൻ വിതരണം സംബന്ധിച്ച പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണത്തിന് കൂടുതൽ ചെലവ് വരുന്നതും വിതരണ നടപടികളിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നതുമാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

പല സഹകരണ സംഘങ്ങളും തിരിച്ചടവ് സംബന്ധമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന കണ്ടെത്തലും സർക്കാർ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ റിപ്പോർട്ടും ശുപാർശകളും പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം, കിടപ്പുരോഗികളെയും പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളെയും പുതിയ ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് മാത്രമായിരിക്കും നേരിട്ട് വീട്ടിലെത്തി പെൻഷൻ വിതരണം തുടരുക.

ലക്ഷക്കണക്കിന് പെൻഷൻ ഗുണഭോക്താക്കളെ ബാധിക്കുന്ന തീരുമാനമായതിനാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള വിതരണം കൂടുതൽ കാര്യക്ഷമമാകുമോയെന്ന ചർച്ചകളും സജീവമായിട്ടുണ്ട്.