പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം; കെ മുരളീധരനെ തിരുത്തി വിഡി സതീശൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും, സിപിഎഐഎമ്മാണ് പ്രധാന എതിരാളിയെന്നുമുള്ള മുരളീധരന്റെ വാദത്തെ തള്ളി വി ഡി സതീശൻ. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം, ഇടതുപക്ഷം പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സതീശൻ മുരളീധരനെ തിരുത്തി.
പാലക്കാട് ബിജെപി വെല്ലുവിളി അല്ലെന്നായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ ഇത് മുരളീധരന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം എന്നുപറഞ്ഞാണ് വി ഡി സതീശൻ തള്ളിയത്. പാലക്കാട് 10,000 മുതൽ 15,000 വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
മലയാളത്തിലെ ഒരു മാധ്യമത്തിനോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പാലക്കാട് ബിജെപി വെല്ലുവിളി അല്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.