എംജി വിസി നിയമനത്തിൽ സംഘപരിവാർ നയത്തിന് കീഴ്പ്പെട്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്: എം.വി ഗോവിന്ദൻ

single-img
2 June 2026

എംജി സർവകലാശാല താത്കാലിക വിസി നിയമനത്തിൽ സംഘപരിവാർ നയത്തിന് കീഴ്പ്പെട്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതായി നിയമിക്കപ്പെട്ട ഡി. മാവൂത്തിന്റെ ഒരേയൊരു യോഗ്യത അദ്ദേഹം ഒരു സംഘപരിവാർ അനുഭാവിയാണ് എന്നത് മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. മുൻപ് എൽഡിഎഫ് സർക്കാർ കൃത്യമായ പാനൽ നൽകിയാണ് വിസി നിയമനങ്ങൾ നടത്തിയിട്ടുള്ളതെങ്കിൽ, ഇത്തവണ യുഡിഎഫ് സർക്കാർ പാനൽ നൽകാൻ പോലും തയ്യാറായില്ല. യുഡിഎഫിന്റെ പിന്തുണയോടെ സർവകലാശാലകളിൽ കാവിവൽക്കരണം നടപ്പിലാക്കാനാണ് ഗവർണർ ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. വന്ദേമാതരത്തിന് സിപിഐഎം എതിരല്ലെന്നും എന്നാൽ അത് പൂർണ്ണരൂപത്തിൽ പാടുന്നതിനോടാണ് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് സണ്ണി ജോസഫിന്റെ ബന്ധുനിയമനം സ്വജനപക്ഷപാതമാണെന്നും അത് ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കിയ ഗോവിന്ദൻ, ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.