ശബ്ദവോട്ടോടെ പാസാക്കി; മഹുവ മൊയ്ത്രയെ ലോകസഭ അംഗത്വത്തിൽ നിന്ന് പുറത്താക്കി

single-img
8 December 2023

പാർലമെന്റിൽ ചോദ്യം ചോദിക്കാനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോകസഭ അംഗത്വത്തിൽ നിന്ന് പുറത്താക്കി. മഹുവയെ പുറത്താക്കുന്നതിനായി പാർലമെന്ററികാര്യ മന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശയെക്കുറിച്ച് നേരത്തെ ലോക്‌സഭ ഹ്രസ്വ ചർച്ച നടത്തിയിരുന്നു.

ഈ ചർച്ചയിൽ, കോൺഗ്രസ് എംപി മനീഷ് തിവാരി, ടിഎംസി എംപി കല്യാണ് ബാനർജി, സുദീപ് ബന്ദ്യോപാധ്യായ, ജെഡിയു എംപി ഗിരിധാരി യാദവ് എന്നിവർ കമ്മിറ്റിയുടെ ശുപാർശയെ എതിർത്തു. എന്നാൽ മറുഭാഗത്ത്, ബിജെപി എംപി ഡോ. ഹീന വി ഗാവിത്തും അപരാജിത സാരംഗിയും എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശയെ പിന്തുണച്ചു. അതേസമയം, തെളിവില്ലാതെയാണ് എത്തിക്‌സ് കമ്മിറ്റി പ്രവർത്തിച്ചതെന്ന് എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം മഹുവ മൊയ്ത്ര പ്രതികരിച്ചു.

‘എന്റെ വായടപ്പിച്ച് അദാനി പ്രശ്‌നം ഇല്ലാതാക്കാമെന്ന് ഈ മോദി സർക്കാർ കരുതിയിരിക്കുന്നത്, വിഷയത്തിൽ ഈ കംഗാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും ഇന്ത്യ മുഴുവൻ കാണുന്നുണ്ട്. നിങ്ങളുടെ ഈ പ്രവർത്തി കാണിക്കുന്നത്, അദാനി നിങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുള്ളയാളാണ് എന്നുള്ളതാണ്. അവിവാഹിതയായ ഒരു വനിതാ എംപിയെ കീഴ്‌പ്പെടുത്താൻ നിങ്ങൾ എത്രത്തോളം വേണമെങ്കിലും തരം താഴും,’ മഹുവ മൊയ്ത്ര പറഞ്ഞു.