എല്ലാവരും എതിർത്തിട്ടും കേന്ദ്രം അനുമതി നൽകി; ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹുവ മൊയ്ത്ര

single-img
18 October 2022

ബിൽക്കിസ് ബാനു ബലാത്സംഗ കേസിലെ 11 പ്രതികളെ വെറുതെ വിട്ട സർക്കാർ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. പ്രതികളെ വെറുതെ വിടാനുള്ള തീരുമാനത്തിൽ കേന്ദ്രത്തിന്റെ അനുമതിയുണ്ടെന്ന് ഗുജറാത്ത് സർക്കാർ തിങ്കളാഴ്‌ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

“സിബിഐയും വേണ്ടെന്ന് പറഞ്ഞു, സിബിഐയുടെ പ്രത്യേക ജഡ്‌ജിയും വേണ്ടെന്ന് പറഞ്ഞു. എന്നിട്ടും ബിൽക്കിസ് ബാനോ കേസിലെ 11 പ്രതികളെയും മുഴുവൻ നേരത്തെ ജയിൽ മോചിതരാക്കുന്നതിന് കേന്ദ്രം അനുമതി നൽകി” മഹുവ ട്വീറ്റിലൂടെ കേന്ദ്രത്തെ വിമർശിച്ചു. ഇതോടൊപ്പം കേന്ദ്ര അനുമതി നൽകിയ കത്തും മഹുവ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഗുജറാത്ത് പോലീസ് സൂപ്രണ്ട്, സിബിഐ, എസ്‌സിബി, പ്രത്യേക ജഡ്‌ജി (സിബിഐ) സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി, ഗ്രേറ്റർ ബോംബെ എന്നിവർ മോചനത്തെ എതിർത്തിരുന്നതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു.