ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കാൻ പദ്ധതികളുമായി മഹിളാ മോർച്ച

single-img
29 August 2022

സംസ്ഥാനത്തു വർദ്ധിച്ചുവരുന്ന ലഹരി- വിപണന- കച്ചവടങ്ങൾക്കെതിരെ പൊരുതാൻ മഹിളാ മോർച്ചയും രംഗത്ത്. മാരകമായ ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗത്തിൽ തന്നെ മാറുകയാണ്. അധികൃതർ പിടിച്ചെടുക്കുന്ന മയക്കുമരുന്നു കേസുകളുടെ വർദ്ധനവു അതു തെളിയിക്കുന്നു. കൊക്കൈയിന്‍, എം ഡി എം എ, ഹാഷിഷ്, എല്‍ എസ് ഡി സ്റ്റാംപ് തുടങ്ങിയ മാരകമായ ലഹരി മരുന്നുകളാണ് വിദ്യാർത്ഥികളിലും ചെറുപ്പക്കാരിലും ഉപയോഗിക്കുന്നതായി കണ്ടെത്തുന്നത്.

സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരായ ശക്തമായ പ്രവർത്തനങ്ങൾ പോലീസും എക്സൈസും നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കർശന നടപടികൾ ഇല്ലാതെ പലപ്പോഴും അവർക്കു ചുക്കാൻ പിടിക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്.. ലഹരി മരുന്നു കേസുകളിൽ തുടരന്വേഷണം ഇല്ലാത്തതും കേരളത്തിൽ ലഹരിമാഫിയകൾക്ക് കൂടുതൽ വഴിയൊരുക്കകയാണ്.

ഈ സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ മഹിളാമോർച്ച വിവിധ സമര മാർഗങ്ങളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ശക്തമായ പ്രതിരോധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ നടപടികൾ കൈക്കുള്ളുന്നു എന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത അറിയിച്ചു.

പ്രാരംഭ പരിപാടി എന്ന നിലയിൽ ഓഗസ്ററ് 30, 31 തീയതികളിൽ “ആഘോഷങ്ങൾ ലഹരി-മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കൈയൊപ്പ് ” എന്ന പേരിൽ പൊതുജനങ്ങളുടെ ഒപ്പു ശേഖരണവും സെപ്റ്റംബർ പത്താം തീയതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു, ലഹരി- മയക്കുമരുന്ന് മാഫിയകൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കാനും , ശക്തമായ നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു കൊണ്ട് മഹിളാ മോർച്ചയുടെ പ്രതിനിധികൾ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിവേദനം സമർപ്പിക്കുവാനുംതീരുമാനിച്ചിരിക്കുന്നതായും അവർ അറിയിച്ചു.