10 ഭാഗങ്ങളിൽ മഹാഭാരതം; അതാണ്എന്റെ ജീവിത ലക്ഷ്യം: എസ് എസ് രാജമൗലി

single-img
15 May 2023

ഇതിഹാസമായ മഹാഭാരതം സിനിമായാക്കാനുള്ള തന്‍റെ സ്വപ്നം പ്രകടിപ്പിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വർഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിലായിരുന്നു എസ്എസ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

മഹാഭാരതത്തിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് താൻ ഏറെ നാളായി സ്വപ്നം കാണുന്നുണ്ടെന്നും അത് ഉടൻ പൂർത്തിയാക്കാൻ പോകുകയാണെന്നും രാജമൗലി വെളിപ്പെടുത്തി. ടിവിയിൽ വന്നിട്ടുള്ള 266 എപ്പിസോഡുകളുള്ള മഹാഭാരതം ഒരു സിനിമയാക്കുക എന്ന ദീർഘകാല സ്വപ്നം ഉടൻ നിറവേറ്റുമോ ഇത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമോ? എന്നായിരുന്നു പരിപാടിക്കിടെ അദ്ദേഹത്തോടുള്ള ചോദ്യം.

ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ ‘മഹാഭാരതം’ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിച്ചവയാണ്. മഹാഭാരതം തനിക്കായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് രാജമൗലി പറഞ്ഞത്. ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ എനിക്ക് ഒരു വർഷമെടുക്കും. ഇതെല്ലാം വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചിത്രം 10 ഭാഗങ്ങളിൽ ആയിരിക്കും .അതാണ് “എന്റെ ജീവിത ലക്ഷ്യം . എന്റെ ഓരോ സിനിമയും അതിലേക്കുള്ള ചവിട്ടുപടിയാണ്. ഞാൻ മഹാഭാരതം “എനിക്ക്” വേണ്ടി നിർമ്മിക്കുന്നു “ എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.