ഗുണ്ട ബന്ധം: മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി

single-img
20 January 2023

ഗുണ്ട, മണ്ണ് മാഫിയ ബന്ധം അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്നു തലസ്ഥാന ജില്ലയിൽ മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ ഒരാൾ ഒഴികെ മുഴുവൻ പോലീസുകാർക്കും എതിരെ അച്ചടക്ക നടപടി. 32ൽ 31 ഉദ്യോഗസ്ഥർക്കെതിരെയും ആണ് അച്ചടക്ക നടപടി കൈക്കൊണ്ടത്. എസ്.ഐയടക്കം 25 പേ‌ർക്ക് സ്ഥലംമാറ്റമുണ്ട്. ഇതോടെ സ്വീപ്പർ തസ്‌തികയിലുളളവർ മാത്രമാണ് നിലവിൽ സ്‌റ്റേഷനിൽ അവശേഷിക്കുന്നത്.

ഇതിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനാണ്. എസ്.എച്ച്.ഒ സജേഷിന് ഗുണ്ടാബന്ധത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനുപുറമേ അനൂപ് കുമാർ. സുധി കുമാർ, ജയൻ, ഗോപകുമാർ, കുമാർ എന്നീ പോലീസുകളെയും സസ്‌പെന്റ് ചെയ്തു.

എസ്.ഐ അടക്കം 25 പേരെ സ്ഥലംമാറ്റി. എസ്.ഐ മനു ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുദർശൻ കെ.എസ്, പ്രദീപ് വി, രാജീവ് എസ്, രാജു എസ്, ശ്രീകല ജി.എസ്, ഷാജഹാൻ കെ, മുഹമ്മദ് ഷാഫി ഇ, സുഗണൻ സി, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുലാൽ എസ്.ജെ, ഗോകുൽ ജെ.എസ്, അരുൺ എ, നവീൻ അശോക്, ഹരിപ്രസാദ് വി.എസ്, ശ്രീജിത്ത് പി, സുരേഷ് എസ്, ഷൈജു എസ്, അജി കുമാർ ഡി, ലിബിൻ എസ്, ദിനു വി.ജി, ഗിരീഷ് കുമാർ വി, വിനു കുമാർ ബി, അബ്ദുൽ വഹീദ് യു, നസീറ ബീഗം കെ എന്നിവരെയാണ് സ്ഥലംമാറ്റിയത്.

എസ്.ഐയെ ചിറയിങ്കൽ സ്റ്റേഷനിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ പോത്തൻകോട്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, കഠിനംകുളം സ്റ്റേഷനിലേക്കും ഡിസ്ട്രിക് ആംഡ് റിസർവിലേക്കും ഡി.സി.ആർ.ബി തിരുവനന്തപുരം റൂറലിലേക്കുമാണ് മാറ്റിയത്.