എം ശിവശങ്കർ വീണ്ടും അറസ്റ്റിൽ; ഇത്തവണ അറസ്റ്റിലായത് ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ

single-img
15 February 2023

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് വീണ്ടും അറസ്റ്റ് ചെയ്തു. ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ ആണ് ഇത്തവണ എൻഫോഴ്സ്മെൻറ് ശിവശങ്കരൻ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.45 നാണു അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. മൂന്ന് ദിവസമായി ചോദ്യം ചെയ്യൽ തുടരുകയായിരുന്നു.

ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. കോഴ ഇടപാടിൽ ശിവശങ്കരന്റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ ഡി പറയുന്നു. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്.

കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം.