രാജ്യത്തെ വടക്ക് കിഴക്കൻ മേഖലകളിൽ ബിജെപിയോടുള്ള സ്നേഹം വർദ്ധിക്കുന്നു; ജെഡിയു എംഎൽഎമാരെ സ്വാഗതം ചെയ്ത് മണിപ്പൂർ മുഖ്യമന്ത്രി

single-img
4 September 2022

മണിപ്പൂർ മുഖ്യമന്ത്രി നോങ്തോംബം ബിരേൻ സിംഗ് ഇന്ന് സംസ്ഥാനത്തെ അഞ്ച് ജെഡിയു എം‌എൽ‌എമാർ ബി‌ജെ‌പിയിലേക്ക് വന്നതിനെക്കുറിച്ച് പ്രതികരിച്ചു. ജെഡിയുവിലെ സംവിധാനത്തേക്കാൾ 100 മടങ്ങ് മികച്ചതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജെഡിയു നേതാക്കൾ മാത്രമല്ല, പ്രവർത്തകരും ബിജെപിയിൽ ചേർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വടക്ക് കിഴക്കൻ മേഖലയിൽ ബിജെപിയോടുള്ള സ്നേഹം അനുദിനം വർധിച്ചുവരികയാണ്. ബിഹാറിലെ ജെഡിയുവിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ജെഡിയുവിലെ സംവിധാനത്തേക്കാൾ 100 മടങ്ങ് മികച്ചതാണ് ബിജെപി. എംഎൽഎമാർ മാത്രമല്ല, ജെഡിയു പ്രവർത്തകരും ബിജെപിയിൽ ചേർന്നു.എല്ലാവരെയും സ്വാഗതം ചെയ്യുന്നു,”അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാർ ബിഹാറിലെ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും കോൺഗ്രസും ആർജെഡിയുമായി ‘മഹാഗത്ബന്ധൻ’ സഖ്യവുമായി കൈകോർക്കുകയും ചെയ്തതിന് ശേഷമായിരുന്നു മണിപ്പൂരിലെ ആറ് ജെഡിയു എംഎൽഎമാരിൽ അഞ്ച് പേരും ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നത്. ഖുമുക്ചം ജോയ്കിഷൻ, എൻഗുർസാംഗ്ലൂർ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി എൽഎം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന ജെഡിയു എംഎൽഎമാർ.

അതേസമയം, ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപി മറ്റ് പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരെ തകർക്കുകയാണെന്ന് ആരോപിച്ചു. “ഞങ്ങൾ എൻഡിഎയിൽ നിന്ന് വേർപിരിഞ്ഞപ്പോൾ, ഞങ്ങളുടെ ആറ് മണിപ്പൂർ എം‌എൽ‌എമാരും ഞങ്ങളെ വന്നു കാണുകയും ജെഡിയുവിനൊപ്പം ഉണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ ചിന്തിക്കേണ്ടതുണ്ട്. അവർ എം‌എൽ‌എമാരെ പാർട്ടികളിൽ നിന്ന് വേർപെടുത്തുകയാണ്, ഇത് ഭരണഘടനാപരമാണോ? 2024ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.