ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം നഷ്ടമായി കടം കയറി; 32 കാരന്‍ ജീവനൊടുക്കി

single-img
28 February 2023

ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട എഴംകുളത്താണ് സംഭവം.

തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിനുള്ളില്‍ ടെസനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓഹരി വിപണിയിലും ഓണ്‍ലൈന്‍ ഗെയിമുകളിലുമാണ് ടെസന് പണം നഷ്ടമായത്. ആദ്യം ചെറിയ രീതിയിലാണ് ഓഹരി വിപണിയില്‍ ഇടപെടല്‍ തുടങ്ങിയത്. പിന്നീട് വന്‍തോതില്‍ തുക നിക്ഷേപിച്ചു. എന്നാല്‍ വലിയ നഷ്ടം നേരിട്ടു. ഇതോടെ ഓണ്‍ലൈനായും പരിചയക്കാരില്‍ നിന്നും പണം കടം വാങ്ങി. കടം കുമിഞ്ഞുകൂടിയതോടെ വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈയടുത്താണ് ടെസന്‍ വിവാഹം കഴിച്ചത്.

അതേസമയം എറണാകുളത്ത് രണ്ട് സ്ത്രീകളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് ഞെട്ടലുണ്ടാക്കി. വടക്കേക്കര തുരുത്തിപ്പുറം കുണ്ടോട്ടില്‍ വീട്ടില്‍ അംബികയും ഭര്‍തൃമാതാവായ സരോജിനിയുമാണ് മരിച്ചത്. ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. അംബിക തൂങ്ങിമരിച്ച നിലയിലും സരോജിനി കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.