രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പോലീസ്. ഈ പശ്ചാത്തലത്തിൽ, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ നോട്ടീസ് പുറത്തിറക്കാനാണ് പോലീസ് നീക്കം. വിദേശത്ത് രാഹുലിന് വലിയ സൗഹൃദ വലയമുള്ളതിനാൽ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥലത്തേക്കാണോ രാഹുൽ പോയതെന്ന സംശയം പോലീസിനുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസാണിത്. കോൺഗ്രസിലെ ചിലരിൽ നിന്ന് ഇപ്പോഴും സംരക്ഷണം ലഭിക്കുന്നതിനാൽ, അത് ഉപയോഗിച്ച് കൃത്യമായ ഗൂഢാലോചനയോടെ രാഹുൽ കടന്നുകളയാനുള്ള സാധ്യതയുമുണ്ട്. രാഹുലിനൊപ്പമുള്ളവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതിയുടെ പരാതി. തൃക്കണ്ണാപുരത്തും പാലക്കാടുമുള്ള ഫ്ലാറ്റുകളിൽ വച്ച് രാഹുൽ തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്.


