കെകെ ശൈലജക്കെതിരെയുള്ള ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റംമാത്രം: കെ സുരേന്ദ്രന്‍

single-img
14 October 2022

കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ ധൃതി പിടിച്ച് വാങ്ങിയതില്‍ വന്‍ ക്രമക്കേട് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നടന്നു എന്നുള്ള പരാതിയില്‍ അന്നത്തെ മന്ത്രി കെ കെ ശൈലജക്കെതിരെ നടക്കുന്ന ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെതിന് സമാനമായ രീതിയിലാണ് കേരളത്തിൽ പിണറായി സര്‍ക്കാരും പ്രവര്‍ത്തിച്ചത്. അവിടെ അഴിമതികള്‍ പുറത്തു വന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

അതേപോലെ ഇവിടെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര പുറത്തു വരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോൾ ശൈലജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്.

ഈ കാര്യത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം. സംസ്ഥാനം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവര്‍ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തില്‍ ഇത്രയും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകാന്‍ കാരണം ഇത്തരം അഴിമതികളായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു

കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ പോലും ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. കോവിഡ് പര്‍ച്ചേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് തന്നെ ആ സമ്മതിക്കുന്ന രേഖകള്‍ പുറത്തുവന്നത് പിണറായി സര്‍ക്കാരിന്റെ കൊള്ളയുടെ വലുപ്പം എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അഴിമതിയുടെ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനോട് മത്സരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാരെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.