മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങി; കെ കെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം

single-img
14 October 2022

കോവിഡ് ഒന്നാംഘട്ട വ്യാപനത്തിൽ പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം. യൂത്ത് കോൺ​ഗ്രസ് നേതാവ് വീണ എസ് നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎ കെ കെ ശൈലജക്ക് കോടതി നോട്ടീസ് അയച്ചു.

പരാതിയിന്മേലുള്ള പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന മെഡിക്കൽ സർവീസസ് അസോസിയേഷൻ (കെഎംഎസ്സിഎല്‍) ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപിനും നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിന്മേൽ ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.

ആ സമയം വിപണിയിൽ 450 രൂപയുളള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. വിപണിയിലെ വിലയുടെ മൂന്നിരട്ടി വിലക്ക് സ്വകാര്യ കമ്പനിയിൽ നിന്നടക്കം പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു.


സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്നും 1,550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാനുള്ള ഫയലില്‍ അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കു പുറമേ തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടിരുന്നുവെന്ന് രേഖകളിൽ പറയുന്നു. 446 രൂപയ്ക്ക് ഒരു കമ്പനിയില്‍ നിന്നും പിപിഇ കിറ്റ് പര്‍ച്ചേസ് ചെയ്തതിന് പിന്നാലെയാണ് സാന്‍ഫാര്‍മയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.