കൊലപാതകം നടന്ന കൊക്ക കാണാൻ കുട്ടികളും മുതിർന്നവരും; ലോഹഗഡ് കോട്ടയിൽ സന്ദർശകരുടെ അസാധാരണ തിരക്ക്

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കേതൻ അഗർവാൾ എന്ന യുവാവിന്റെ ക്രൂര കൊലപാതകം. പ്രതിശ്രുത വധു സിയ ഗോയലും കാമുകനും ചേർന്ന് ആണ് ഇയാളെ കൊലപ്പെടുത്തിയത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇത് നടന്ന മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സന്ദർശകരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതും ഛത്രപതി ശിവാജി മഹാരാജാവുമായി ബന്ധമുള്ളതുമായ ലോഹഗഡ് കോട്ട യുനെസ്‌കോ അംഗീകരിച്ച പൈതൃക കേന്ദ്രമാണ്. എന്നാൽ ഇപ്പോൾ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത് ചരിത്രപരമായ ഈ പ്രാധാന്യം കൊണ്ടല്ല, മറിച്ച് കേതൻ അഗർവാളിനെ സിയ ഗോയൽ കൊക്കയിലേക്ക് തള്ളിയിട്ട കൃത്യമായ സ്ഥലം കാണാനാണെന്ന് ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവധി ദിവസങ്ങളിൽ സാധാരണയായി 1,000 സന്ദർശകർ എത്തിയിരുന്ന സ്ഥാനത്ത് ആണ് ഇപ്പോൾ അത് 1,500 ആയി ഉയർന്നിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ 400 ഓളം പേർ എത്തിയിരുന്നിടത്ത് ഇപ്പോൾ 600-ലധികം ആളുകൾ എത്തുന്നുണ്ട്.
ജൂൺ 18-നാണ് കേതൻ അഗർവാളിനെ സിയ ഗോയലും യുവതിയുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത്. കേതൻ അബദ്ധത്തിൽ കൊക്കയിൽ വീണതാണെന്ന് പറഞ്ഞ് സിയ വീട്ടുകാരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കേതന്റെ കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതക വിവരം പുറത്തുവന്നത്. ഇതിന് മുൻപും സമാനമായ രീതിയിൽ ഇവർ കേതനെ കൊല്ലാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോട്ടയിൽ എത്തുന്ന മുതിർന്നവരും കുട്ടികളും അടക്കം എല്ലാവരും ചർച്ച ചെയ്യുന്നത് ഈ കൊലപാതകത്തെക്കുറിച്ചാണെന്ന് സന്ദർശകർ പറയുന്നു. കുറ്റകൃത്യം നടന്ന സ്ഥലം നേരിട്ട് കാണാനുള്ള ആകാംക്ഷയിലാണ് ഭൂരിഭാഗം പേരും ഇവിടെ എത്തുന്നത്. പൊലീസ് തെളിവെടുപ്പിനായി കോട്ട നേരത്തെ അടച്ചപ്പോൾ അകത്ത് കയറാൻ കഴിയാത്തതിൽ പലരും നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.


