ഇലന്തൂരിലെ നരബലി: ഭഗവൽ സിംഗിനെതിരെ എട്ടു മാസം മുന്നേ നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ലോക്കൽ പോലീസ് പൂഴ്ത്തി

single-img
13 October 2022

ഭഗവൽ സിംഗിന്റെ തിരുമ്മൽ കേന്ദ്രത്തിനെതിരെ എട്ടു മാസം മുന്നേ നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ലോക്കൽ പോലീസ് പൂഴ്ത്തിയാതായി ആരോപണം. ഭഗവൽ സിംഗിന്റെ വീട്ടിലും വീട്ടിനടുത്തുള്ള തിരുമ കേന്ദ്രത്തിലും നടക്കുന്ന ഇടപാടുകളിൽ അടിമുടി ദുരൂഹതയാണ് എന്ന റിപ്പോർട്ട് ആണ് ലോക്കൽ പോലീസ് പൂഴ്ത്തിയത്. പ്രദേശവാസികളുടെ അടക്കം അഭിപ്രായം ശേഖരിച്ചു തയ്യാറാക്കിയ റിപ്പോർട്ട് ആണ് ലോക്കൽ പോലീസ് പൂഴ്ത്തിയത്.

രാത്രിയും മറ്റും പരിചയമില്ലാത്ത വാഹനങ്ങളും ആൾക്കാരും ഭഗവൽ സിംഗിന്റെ വീട്ടിലും തിരുമ്മൽ കേന്ദ്രത്തിലും വരാറുണ്ട് എന്നതടക്കം ഗുരുതര കണ്ടെത്തുലുകളാണ് കേരളാ പൊലീസിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിന് കൈമാറിയത്. ഈ റിപ്പോർട്ടിൽ ലോക്കൽ പോലീസ് നടപടി എടുത്തിരുന്നു എങ്കിൽ നാടിനെ നടുക്കിയ രണ്ടു കൊലപാതകങ്ങൾ തടയാൻ കഴിയുമായിരുന്നു എന്നാണു ഇപ്പോൾ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നത്.

പത്തനംതിട്ട ജില്ലയിലെ മറ്റു ചില ആയുർവേദ കേന്ദ്രങ്ങളെ കുറിച്ചും തിരുമ്മൽ കേന്ദ്രങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകളും ബന്ധപ്പെട്ട സ്റ്റേഷനുകളിൽ യാതൊരു നടപടിയും ഇല്ലാതെ പൊടി പിടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള പല തിരുമൽ കേന്ദ്രങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നാണ് കേരളാ പൊലീസിന്റെ ഇന്റലിജൻസ് കണ്ടെത്തിയത്.

അതെ സമയം കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെയും രൂപീകരിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.