ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ; ഇന്ന് നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിഡി സതീശൻ

single-img
30 August 2022

സംസ്ഥാന സർക്കാർ ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയിൽ പാസാക്കി. നീണ്ട 23 വര്‍ഷത്തിന് ശേഷമാണ് ആദ്യമായി നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.


നിലവിൽ ഉണ്ടായിരുന്ന അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ 14-ാം വകുപ്പാണ് സർക്കാർ ഭേദഗതിയിലൂടെ എടുത്ത് കളയുന്നത്.

ഇതിന് പകരമായി മുഖ്യമന്ത്രിക്ക് എതിരായ വിധിയാണെങ്കില്‍ പുനഃ പരിശോധന അധികാരം നിയമസഭയ്ക്കും മന്ത്രിമാര്‍ക്ക് എതിരായ വിധിയാണെങ്കില്‍ മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും നല്‍കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ബില്ല് ഇന്ന് നിയമ സഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് സര്‍ക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്.

അതേസമയം, ബില്ലില്‍ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിശേഷിപ്പിക്കുകയും ചെയ്തു. ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാന്‍ തങ്ങള്‍ ഇല്ല എന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷ സഭ വിട്ടിറങ്ങിയത്.