എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണ്; ആ കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ല: ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സിപിഐഎമ്മുമായി ഭിന്നത തുടരുന്നതിനിടെ സിപിഐയുടെ നിർണായക യോഗങ്ങൾ ഇന്ന് ഡൽഹിയിൽ ചേരും. സിപിഐ ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ വൈകിട്ട് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവും യോഗം ചേരും. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കേണ്ട തുടർനിലപാട് യോഗത്തിൽ ചർച്ചയാകും.
നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള സാധ്യതയും യോഗത്തിൽ പരിഗണിച്ചേക്കുമെന്ന സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അത് സംബന്ധിച്ച് ഇപ്പോൾ സിപിഐക്ക് അറിയില്ല” എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. എൽഡിഎഫ് രൂപീകരിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.
“എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണ്. ആ കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ല. ആരോഗ്യമുള്ളതും വ്യക്തിത്വമുള്ളതുമായ നന്മയുള്ള കുഞ്ഞായി എൽഡിഎഫ് വളരണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. അതല്ലാതെ സിപിഐക്ക് മറ്റൊരു നിലപാടില്ല,” ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെട്ടത് തികച്ചും അർഹമായ കാര്യമാണെന്ന് സിപിഐ നേതാവും എംഎൽഎയുമായ കെ. രാജൻ പറഞ്ഞു. സിപിഐ ഉന്നയിച്ചിരിക്കുന്നത് ശരിയായ ആവശ്യമാണ്. അതിൽ പാർട്ടി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


