ലാവലിൻ കേസ് 31ാം തവണയും മാറ്റിവെച്ചു

single-img
13 September 2022

ലാവലിൻ വീണ്ടും മാറ്റിവെച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ 31ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹർജികൾ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽമേൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഭരണഘടന ബെഞ്ചിലെ വാദം നീണ്ടുപോകുന്നതാണ് ഹർജി മാറ്റാൻ കാരണം.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തൽ. എന്നാൽ 2017 ഓഗസ്റ്റ് 23 നാണ് പിണാറായി വിജയന്‍, മുന്‍ ഊർജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊർജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ആദ്യം വിചാരണ കോടതിയും പിന്നീട് ഹൈക്കോടതി ഒഴുവാക്കിയിരുന്നു.

ഇതേ തുടർന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19 ന് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകിയത്. എന്നാല്‍ ഹര്‍ജിയില്‍ ഇതുവരെയും വാദം കേട്ട് തുടങ്ങീട്ടില്ല. ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.