ക്ഷമയും സഹിഷ്ണുതയും കുറവ് ; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

single-img
4 March 2023

ഇക്കാലത്ത് ആളുകള്‍ക്ക് ക്ഷമയും സഹിഷ്ണുതയും കുറവാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

ആളുകള്‍ക്കിന്ന് തീരെ സഹിഷ്ണുത ഇല്ല. തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായവും കാഴ്ചപ്പാടും അംഗീകരിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത കാഴ്ച്ചപ്പാടുകളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങളും ഏതു സമയത്തും ട്രോള്‍ ചെയ്യപ്പെടാം. ജഡ്ജിമാര്‍ക്കുപോലും അത്തരം കാര്യങ്ങളില്‍ നിന്നും രക്ഷയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അമേരിക്കന്‍ ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യമാധ്യമങ്ങളില്‍, പ്രത്യേകിച്ച്‌ ട്വിറ്ററില്‍ വിമര്‍ശനങ്ങള്‍ വ്യാപകമാണ്. ഇതിനെതിരെ കര്‍ശനമായ പരിശോധനകളും ദുരുപയോഗം തടയാനുള്ള സംവിധാനങ്ങളും ഉണ്ടെങ്കിലും ആര്‍ക്കും ഒരാള്‍ക്കെതിരെ തിരിയാനുള്ള ലക്ഷ്യമായി ഇതിന് മാറാന്‍ കഴിയുന്നു. ട്രോളുകളെക്കുറിച്ച്‌ സുപ്രീം കോടതി പലതവണ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത് ശാരീരിക ആക്രമണങ്ങള്‍ക്ക് പോലും ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.


കോടതി നടപടികളെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പരത്തിയ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് നിയന്ത്രണം വേണമെന്ന് 2017ല്‍ തന്നെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും വനിതാ ജഡ്ജിമാരെ നിയമിക്കുന്നതിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നുവെന്നും എന്നാലത് വളരെ സങ്കീര്‍ണ്ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


“എന്തുകൊണ്ടാണ് സുപ്രീംകോടതിയില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വനിതാ ജഡ്ജിമാര്‍ ഉണ്ടാകാത്തത്, സ്ത്രീകളില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉണ്ടാകുന്നില്ല എന്ന് എന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമല്ല,കുറച്ച്‌ സങ്കീര്‍ണ്ണമാണ്. അതില്‍ സത്യത്തിന്റെ കാതലുണ്ടെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.” ചീഫ് ജസ്റ്റിസ് പറഞ്ഞു.

2000-നും 2023-നും ഇടയില്‍ സ്ത്രീകള്‍ക്ക് അഭിഭാഷകജോലിയില്‍ പ്രവേശിക്കാനും അഭിവൃദ്ധിപ്പെടാനും ഒരു അവസ്ഥ ഇല്ലാതിരുന്നതിനാല്‍ 2023-ല്‍ സുപ്രീം കോടതി ജഡ്ജിമാരെ സ്ത്രീകളില്‍ നിന്ന് സൃഷ്ടിക്കാന്‍ ഒരു മാന്ത്രിക വടിയും ഇല്ല. അതിനാല്‍, നമ്മുടെ തൊഴില്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഭാവി സൃഷ്ടിക്കണമെങ്കില്‍ അതിനു തക്കതായ ഒരു തൊഴില്‍ ചട്ടക്കൂട് അഥവാ അടിത്തറ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജില്ലാ ജുഡീഷ്യറിയിലെ സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം അഭിഭാഷകര്‍ സ്ത്രീകളാണെന്നാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയാണ് അതിന് കാരണം. ഇന്ത്യയില്‍ വിദ്യാഭ്യാസം വിപുലമായപ്പോള്‍, സ്ത്രീകളുടെ വിദ്യാഭ്യാസനിരക്കും വര്‍ദ്ധിച്ചു. ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന്റെ അഭിവൃദ്ധിയുടെ താക്കോല്‍ അവരുടെ പെണ്‍മക്കളെ പഠിപ്പിക്കുക എന്നതിലാണ്. ഈ ഒരു ധാരണ ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ ഇടയില്‍ വേരോടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.