അപ്പവുമായി കെ റെയിലിൽതന്നെ പോവും; വന്ദേ ഭാരത് എക്‌സ്‌പ്രസ് കെ റെയിലിന് ബദലല്ല: എം വി ഗോവിന്ദൻ

single-img
16 April 2023

വന്ദേ ഭാരതിൽ അപ്പവുമായി പോയാൽ അത് കേടാവും. അപ്പവുമായി സിൽവർ ലൈനിൽ തന്നെ പോകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേ ഭാരത് എക്‌സ്‌പ്രസ് കെ റെയിലിന് ബദലല്ലെന്നും, സിൽവർ ലൈൻ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിലെന്നും ഇന്നല്ലെങ്കിൽ നാളെ വന്നേ തീരൂവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയിരുന്നു. കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാണ് ട്രെയിൻ എത്തിയത്. വന്ദേഭാരത് ദിവസം ഒരു സർവ്വീസാണ് നടത്തുക. രാവിലെ ജനശതാബ്ദിയുടെ സമയമാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. കണ്ണൂർ വരെ അഞ്ചോ, ആറോ സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്.

ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, കേരളത്തിൽ പരമാവധി വേഗം 70 ഇത് താഴെ ആയിരിക്കും എന്നാണു പ്രാഥമിക വിവരം. നാല് വന്ദേഭാരത് ട്രെയിനുകളാണ് പുതുതായി തുടങ്ങുന്നത്. ഇതിൽ രണ്ടെണ്ണം അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലാണ്.