വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുണ്ടാക്കി സ്ത്രീകളെ അപമാനിക്കൽ; ‘കോട്ടയം കുഞ്ഞച്ചൻ’ എബിൻ വീണ്ടും അറസ്റ്റിൽ
കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുണ്ടാക്കി സ്ത്രീകളെ അപമാനിച്ച കോൺഗ്രസ് പ്രാദേശിക നേതാവ് എബിൻ വീണ്ടും അറസ്റ്റിൽ. ജാമ്യ വ്യവസ്ഥ അനുസരിച്ചു സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് പാലക്കാട് ശ്രീകൃഷ്ണപുരം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലാണ് പാറശാല സ്വദേശി എബിൻ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നത്. ഒരു മാസം മുമ്പാണ് കോട്ടയം കുഞ്ഞച്ചൻ എന്ന പേജ് എബിൻ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകൾ.
അബിന്റെ ശരിയായ ഫേസ്ബുക്ക് പേജിലും സമാന പോസ്റ്റുകളുണ്ട്. പൊതുപ്രവർത്തകരായ വനിതകളെയും സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിക്കാനാണ് വ്യാജ പ്രൊഫൈലുണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എബിൻ സമ്മതിച്ചിരുന്നു.
ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ നേതാവും എംപിയുമായ എഎ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു എബിൻ വ്യാജ ഫെയ്സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവച്ചത്. അമൃതയും ഹർഷയും പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.