കൊട്ടിയം തട്ടിക്കൊണ്ടുപോകൽ: ക്വട്ടേഷൻ നൽകിയത് ബിഫാം വിദ്യാർഥി
കൊട്ടിയത്ത് 14കാരനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് ബിഫാം വിദ്യാർഥി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ബിഫാം വിദ്യാർഥി ട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് എന്നാണ് പുറത്തു വരുന്ന വിവരം.
കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ വാങ്ങിയെടുക്കാൻ ബന്ധുവിന്റെ മകനാണ് ക്വട്ടേഷൻ നൽകിയത്. കുട്ടിയെ മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.
കണ്ണനല്ലൂർ സ്വദേശി ആസാദിന്റെ മകൻ ആഷിക്കിനെയാണ് തമിഴ്നാട് സ്വദേശികളടക്കം അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് സ്വദേശികൾ ഉൾപ്പടെ ഒൻപത് പേരടങ്ങിയ സംഘം രണ്ടുദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്തു നടപ്പാക്കിയത്. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തിയാണ് 14കാരനായ കുട്ടിയുമായി കടന്നത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിൽ കുട്ടിയെ കടത്തുന്നതായി സന്ദേശം കൈമാറിയിരുന്നു. തുടർന്ന് അഞ്ച് മണിക്കൂറിന് ശേഷം പാറശാലയിൽ വച്ചാണ് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചത്.