വാച്ച്‌ ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി കെ.കെ രെമ

single-img
15 March 2023

സ്പീക്കറുടെ ഓഫീസിനു മുന്‍പില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി കെ.കെ.രമ എം.എല്‍.എ.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കാണ് വാച്ച്‌ ആന്‍ഡ് വാര്‍ഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച്‌ സംസാരിച്ചതും. അവിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അതിനു ശേഷം നാലഞ്ച് വനിതാ വാച്ച്‌ ആന്‍ഡ് വാര്‍ഡന്മാര്‍ ചേര്‍ന്ന് എന്നെയൊക്കെ കാലും കയ്യുമൊക്കെ പിടിച്ച്‌ വലിച്ചു. അതിനും മാത്രം എന്ത് അക്രമമാണ് ഇവിടെയുണ്ടായത്. ഞങ്ങള്‍ എന്ത് അക്രമം നടത്താനാണ് ഇവിടെ വന്നത്? നിയമസഭാ ഹാളിലാണല്ലോ സമരം നടത്തുന്നത്. പുറത്തല്ലല്ലോ-രമ ആരാഞ്ഞു.


പ്രതിപക്ഷ-വാച്ച്‌ ആന്‍ഡ് വാര്‍ഡ് സംഘര്‍ഷത്തിനു പിന്നാലെ കെ.കെ. രമയുടെ വലതുകൈക്ക് സ്ലിങ് ഇടേണ്ടിവന്നു.


ബ്രഹ്‌മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നിയമസഭ കയ്യാങ്കളിക്ക് വേദിയായത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറിന് ഓഫീസിനുള്ളിലേക്ക് കയറാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇവരെ മാറ്റാനുള്ള വാച്ച്‌ ആന്‍ഡ് വാര്‍ഡിന്റെ ശ്രമമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.