സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി 

single-img
15 August 2023

തിരുവനന്തപുരം: ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു.  തിരുവനന്തപുരത്ത് കേരള വനിത കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. 

ഈ രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതീജീവിക്കുന്നതിന് വിശാലമായ രാജ്യസ്‌നേഹത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കണം. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൈകോര്‍ക്കാം. 

രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചുള്ള ഭരണ സംവിധാനം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം. വിശാലമായ ജനകീയ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ പൗരന്മാരും മുന്നോട്ടു വരണമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ മെമ്പര്‍ അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനിത കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, വനിത കമ്മീഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

അതേസമയം, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.