കേരളത്തിന് ഒറ്റ സ്റ്റോറി മാത്രമേയുള്ളൂ അത് കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണ്: സീതാറാം യെച്ചൂരി

single-img
3 May 2023

വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ഇനിമ ദി കേരള സ്റ്റോറിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണെന്നും കേരള സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോലും സമൂഹത്തില്‍ മത സ്പര്‍ദ്ദയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് സീതറാം യെച്ചൂരി പറഞ്ഞു. അതിന്റെ ഭാഗമായി ചിത്രീകരിക്കപെട്ടതാണ് കശ്മീര്‍ ഫയല്‍സും, കേരള സ്റ്റോറിയും. കേരളത്തെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമാണ് കേരള സ്റ്റോറി ചിത്രീകരിച്ചത്.

കേരളത്തിന് ഒറ്റ സ്റ്റോറി മാത്രമേയുള്ളൂ അത് കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണ്. എല്ലാവരും ഒത്തൊരുമയേടെ ജീവിക്കുന്നു എന്നതാണ് കേരളത്തിന്റെ സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ആര്‍എസ്എസ് വര്‍ഗീയതയും ഇന്ത്യന്‍ രാഷ്രീയവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി

രാജ്യത്തിന്റെ പാര്‍ലമെന്റില്‍ പോലും മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ അനുവദിക്കുന്നില്ല. ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എം പിയെ രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയത്. ഇത് കേട്ടുകേള്‍വി ഇല്ലാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ആര്‍എസ്എസ് രാജ്യത്തെ നിയമ വ്യവസ്ഥയും ജനാധിപത്യവും കശാപ്പു ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. അവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ ഇല്ലാതാകുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.