തെരുവുനായ ശല്യം പരിഹരിക്കാൻ ദ്രുതകർമ്മ പദ്ധതിയുമായി കേരളാ സർക്കാർ

single-img
12 September 2022

സംസ്ഥാനത്താകെ വർദ്ധിച്ചുവരുന്ന തെരുവുനായശല്യം പരിഹരിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി മാസ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം ബി രാജേഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തെരുവുനായ ശല്യത്തെ നേരിടേണ്ടത് രണ്ടുതരത്തിലാണ്. അടിയന്തരമായ ചില നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ ഭീതി സ്വാഭാവികമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. അതിന് ദീര്‍ഘകാല നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്. മറ്റുകാര്യങ്ങളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് രാജേഷ് തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ തെരുവുനായകള്‍ക്ക് മാസീവ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

ഈ മാസം ഇരുപതു മുതല്‍ ഒക്ടോബര്‍ ഇരുപതുവരെയാണ് ഇത് നടപ്പാക്കുക. വാക്‌സിനേഷനു വേണ്ടി ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി. ഇതോടൊപ്പം തന്നെ നായയെ പിടികൂടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള നിലവിലെ ആളുകളെ ഉപയോഗിച്ച് വാക്‌സിനേഷന്‍ ആരംഭിക്കും.

ഇതിനുപുറമെ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കും. കൊവിഡ് വൈറസ് വ്യാപന കാലത്ത് രൂപവത്കരിച്ച സന്നദ്ധസേനയില്‍നിന്ന് തത്പരരായ ആളുകള്‍ക്കും കുടുംബശ്രീ ലഭ്യമാക്കുന്ന ആളുകള്‍ക്കും പരിശീലനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി വെറ്ററിനറി സര്‍വകലാശാലയുടെ സഹായം തേടും.

നടപ്പാക്കാൻ ഉദ്ദേശിക്കുന്നഅതിതീവ്ര വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും. വാക്‌സിന്‍ അടിയന്തരമായി വാങ്ങുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരുവുനായകള്‍ക്ക് എത്രയുംവേഗം ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി രാജേഷ് പറഞ്ഞു. നേരത്തെ ബ്ലോക്ക് തലത്തില്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പകരം പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കും. ലഭ്യമായ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.