കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു

single-img
19 April 2023

ഉമ്മന്‍ചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ കാലത്തെ പരിഗണന ഇപ്പോള്‍ ലഭിക്കുന്നില്ല കൊച്ചി: കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി പദവും ഉന്നതാധികാര സമിതി അംഗത്വവും ഒഴിഞ്ഞതായി ജോണി നെല്ലൂര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല.

ദേശീയ പ്രാധാന്യമുള്ള പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു. യുഡിഎഫ് നേതൃത്വത്തെ ജോണി നെല്ലൂര്‍ വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ കാലത്തെ പരിഗണന ഇപ്പോള്‍ ലഭിക്കുന്നില്ല. അപ്പോഴത്തേതുപോലുള്ള പ്രവര്‍ത്തനമാണോ ഇപ്പോഴെന്ന് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷമായി ക്രൈസ്തവ ഐക്യം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി ക്രൈസ്തവരുടെ പാര്‍ട്ടിയായിരിക്കില്ല, മതേതര പ്രസ്ഥാനമായിരിക്കുമെന്നും നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് പോലെ സംസ്ഥാന തലത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടിയല്ല ഉദ്ദേശിക്കുന്നത്. സെക്കുലര്‍ പാര്‍ട്ടിയാണ് രൂപീകരിക്കുന്നത്.

ദേശീയ കാഴ്ചപ്പാടോടെയാകും പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുക. പുതിയ പാര്‍ട്ടിയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ വരും. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കന്മാര്‍ ബന്ധപ്പെട്ടിട്ടുണ്ട്.അവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. പുതിയ പാര്‍ട്ടിയുടെ നിലപാടുകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു വരികയാണ്.കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നം അതീവ ഗൗരവകരമാണ്. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാകും ഇത്. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഉണ്ടായിരിക്കില്ല. റബര്‍ വില വര്‍ധിപ്പിക്കാനായി ഭരണകക്ഷിയില്‍ സമ്മര്‍ദ്ദം ചെലുത്തും.

ഇതിനായി ബിജെപി നേതാക്കളുമായി ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തും. അവസരം ലഭിച്ചാല്‍ നരേന്ദ്രമോദിയെയും കാണും. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.