ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി; ‘കാതല്‍’ പുതിയ പോസ്റ്റര്‍ എത്തി

single-img
8 November 2022

മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയുംപ്രധാന കഥാപാത്രങ്ങളാകുന്ന കാതല്‍ എന്ന മലയാള സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അതിവേഗം വൈറലായിരുന്നു.

ഇപ്പോഴിതാ, ഈ സിനിമയിൽ രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടി എത്തുകയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ടോര്‍ച്ചാണ് മാത്യു ദേവസിയുടെ ചിഹ്നം.

കഴിഞ്ഞ മാസം 20നാണ് ജ്യോതിക-മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.