കേന്ദ്ര മന്ത്രി ശോഭ കരന്ദലജെക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

single-img
22 March 2024

തമിഴ്‌നാടിനെ രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി ശോഭാ കരന്തലജെക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ സിംഗിള്‍ ബെഞ്ച് കേസിലെ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും നിലവിലെ അന്വേഷണം സ്റ്റേ ചെയ്യുകയുമായിരുന്നു.

നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രസ്താവനകള്‍ നടത്തണമെന്ന് നിര്‍ദേശിച്ച ജഡ്ജി, ഈ ഔചിത്യം കാണിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. ശോഭാ കരന്ദലജെക്കെതിരെ ചുമത്തിയ വകുപ്പുകളുടെ സാംഗത്യം ചോദ്യം ചെയ്ത ബെഞ്ച് ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നാസി ജര്‍മ്മനിയെപോലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടരുതെന്നും പറഞ്ഞു.

അതിനുശേഷം കുറ്റാരോപിതന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിച്ച കോടതി, ചുമത്തിയ വകുപ്പുകള്‍ പരിശോധിക്കുന്നതിനായി തുടര്‍ അന്വേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരാമര്‍ശത്തിനെതിരെ ഡിഎംകെ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ശോഭാ കരന്ദലജെക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 153, 153 എ, 505 (1) (ആ), 505 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ശോഭ കരന്ദലജെ ആരോപിച്ചത്.