പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളെ എത്തിക്കണം; പ്രിൻസിപ്പൽമാർക്ക് കത്ത് നൽകി കർണാടക സർക്കാർ

single-img
9 November 2022

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും കെമ്പഗൗഡയുടെ 108 അടി വെങ്കല പ്രതിമയും ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ന് ബെം​ഗളൂരുവിൽ എത്തുമ്പോൾ പങ്കെടുക്കുന്ന പരിപാടിയിൽ പിയുസി വിദ്യാർഥികളെ പങ്കെടുക്കാനാവശ്യപ്പെട്ട് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകി കർണാടക സർക്കാർ.

സംസ്ഥാന സർക്കാരിന് കീഴിലെ പ്രീ-യൂണിവേഴ്സിറ്റി വകുപ്പാണ് കത്ത് അയച്ചത്. എന്നാൽ ഇത് വിവാദമായതോടെ കത്ത് പിൻവലിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ എല്ലാ പിയുസി കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് കോളേജ് വിദ്യാർഥികളെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെങ്കിൽ പ്രിൻസിപ്പൽമാരാണ് ഉത്തരവാദികളെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.

അതേസമയം, ശരിയായ സെക്യൂരിറ്റി ക്ലിയറൻസ് ഇല്ലാത്തതിനാലാണ് സർക്കുലർ തിരിച്ചുവിളിച്ചതെന്ന് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, വകുപ്പിലെ ഉദ്യോഗസ്ഥൻ കത്തയക്കുന്നതിന് മുമ്പ് കൂടിയാലോചിച്ചിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പ്രതികരിച്ചു. കത്ത് തയ്യാറാക്കിയത് ഉദ്യോഗസ്ഥൻ അവരുടെ ഇഷ്ടത്തിനാണെന്നും മറ്റാരുമായും ചർച്ച ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.