പിപിഇ കിറ്റ് ധരിച്ചെത്തിയവർ കെ സുധാകരൻ്റെ പ്രചാരണ ബോർഡ് തകർത്തു; പരാതി

single-img
7 April 2024

കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ്റെ പ്രചാരണ ബോർഡ് തകർത്തതായി പരാതി. പിപിഇ കിറ്റ് ധരിച്ചെത്തിയവരാണ് ബോർഡ് നശിപ്പിച്ചതെന്ന് യുഡിഎഫ് പറയുന്നു . കൂത്തുപറമ്പിൽ ആമ്പിലാട് സൗത്ത് എൽപി സ്കൂൾ മുതൽ ആമ്പിലാട് പാറ വരെയുള്ള ഭാഗത്തെ മുഴുവൻ പോസ്റ്ററുകളും ബോർഡുകളും നശിപ്പിച്ചു.

സംഭവത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി.പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ ബോര്‍ഡ് കീറി എടുത്തശേഷം കൊണ്ടുപോയി കളയുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഈ പ്രദേശത്ത് തുടർച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകളും പോസ്റ്റുകളും നശിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പുന്നാട്, മീത്തലെ പുന്നാട് താവിലക്കുറ്റി, കല്ലങ്കോട് മേഖലയിലെ യുഡിഎഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.