ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; വിശദീകരണവുമായി കെ സുധാകരൻ

single-img
17 October 2022

താൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുഡിഎഫ് ഘടക കക്ഷിയായ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ .

വിവാദമായ ഈ അഭിമുഖത്തിൽ മുസ്ലീം ലീഗ് യുഡിഎഫ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് നല്‍കിയതെന്നും സുധാകരൻ പറഞ്ഞു. മുസ്ലീം ലീഗ് യു ഡി എഫിന്‍റെ അവിഭാജ്യഘടകമാണെന്നും കോണ്‍ഗ്രസ്സും ലീഗും തമ്മിലും നേതാക്കള്‍ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളതെന്നും സുധാകരൻ വിശദീകരിച്ചു.

സംസ്ഥാനത്തെ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടിയും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മുസ്ലീംലീഗ് മുന്നണി വിടുമെന്നും, യു ഡി എഫ് ദുര്‍ബലമാകുമെന്നും ഉള്ള പ്രചരണങ്ങള്‍ ചിലരുടെ ദിവാസ്വപ്നങ്ങളില്‍ നിന്നും ഉദിച്ചതാണ്. യു ഡി എഫിന്‍റെ കെട്ടുറപ്പിനും, മതേതര കേരളത്തിന്‍റെ നിലനില്‍പ്പിനും മുസ്ലീംലീഗ് വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന ഉറച്ച ബോദ്ധ്യമുള്ളയാളാണ് താനെന്നും കെ സുധാകരന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.