ഇടതുപക്ഷം ഗുണ്ടാ രാഷ്ട്രീയം നടത്തുന്നു; ജയസൂര്യയ്ക്ക് പിന്തുണയുമായി കെ സുധാകരൻ

single-img
2 September 2023

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നെൽകർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ നടൻ ജയസൂര്യക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റെന്നും, അദ്ദേഹം പറഞ്ഞതുകൊണ്ടു മാത്രം അതു തെറ്റാകുമോയെന്നും സുധാകരൻ ചോദിച്ചു.

ജയസൂര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ അദ്ദേഹം, ഇടതുപക്ഷം ഗുണ്ടാ രാഷ്ട്രീയമാണ് നടത്തുന്നതെന്നും ആരോപിച്ചു. “രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിനു പണം കൊടുക്കുന്നത്. അതും ബാങ്ക് വായ്പയായിട്ടാണ് നൽകിയത്. ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം രാഷ്ട്രീയത്തിലല്ല അക്കാര്യങ്ങൾ പറഞ്ഞതും”- സുധാകരൻ വിശദീകരിച്ചു.

“കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ജയസൂര്യക്കെതിരെ സൈബർ പോരാളികൾ നടത്തുന്ന യുദ്ധം പറഞ്ഞാൽ മനസ്സു വേദനിക്കും. ഒരു യാഥാർഥ്യം വിളിച്ചു പറഞ്ഞാൽ അയാളെ ക്രൂശിക്കുക, ആക്ഷേപിക്കുക, അടിച്ചിരുത്തുക എന്ന നയം ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയാണ്. ഇവിടെ ഇടതുപക്ഷ സർക്കാരും പിണറായി വിജയനും അതാണ് നടത്തിക്കൊണ്ടിരിക്കുന്നത്.’‘

“മാർക്സിസ്റ്റ് പാർട്ടിയുടെ ആളുകൾ ഇരിക്കുന്ന യോഗത്തിലാണ് നടൻ ഈ കാര്യങ്ങൾ പറഞ്ഞത്. അവർ അത് മനസ്സിലാക്കാനല്ലേ അവരുടെ മുന്നിൽ പറഞ്ഞത്? അവരത് ഉൾക്കൊള്ളാനല്ലേ? അവർ ഉൾക്കൊണ്ടു തിരുത്തേണ്ടവരല്ലേ? അല്ലാതെ വിമർശനവും കൊണ്ടു മുന്നോട്ടു പോകുകയല്ലല്ലോ ചെയ്യേണ്ടത്. അതുകൊണ്ട് ജയസൂര്യ ചെയ്ത പ്രവൃത്തിയെക്കുറിച്ച് ഒരു ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല. സൈബർ ആക്രമണം അവസാനിപ്പിക്കണം”- സുധാകരൻ ആവശ്യപ്പെട്ടു.