സരിതയെ പോലെ അല്ല സ്വപ്ന; എല്ലാ തെളിവും സ്വപ്നയുടെ കൈയിൽ ഉണ്ട്: കെ.സുധാകരൻ

single-img
3 November 2022

സരിതാ എസ് നായരെ പോലെ അല്ല സ്വപ്ന സുരേഷ് എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വപ്നയുടെ കൈവശം എല്ലാ തെളിവുകളും ഉണ്ട് എന്നും കെ.സുധാകരൻ പറഞ്ഞു.

മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജിച്ച് പോയി. സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയം. നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നും സുധാകരൻ പരിഹസിച്ചു.

തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു എന്നും ഇതൊക്കെ വേണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഭയം കൊണ്ടാണ് എന്നും, സ്വപ്നയുടെ പുസ്തകം വാങ്ങി എല്ലാവരും വായിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു

നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു എന്ന് സുധാകരൻ പറഞ്ഞിരുന്നു.

ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണത്തിന് ഉത്തരവ് ഇടാൻ എങ്കിലും കേന്ദ്രത്തോട് പറയണം. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു. അങ്ങനെ എങ്കിൽ അദ്ദേഹം അനുമതി നൽകട്ടെ. നീതിപൂർവം പ്രവർത്തിക്കാനുള്ള ആർജവം ഉണ്ടെങ്കിൽ അത് ചെയ്യട്ടേ. അത് ചെയ്യാതെയുള്ള യുക്തിരാഹിത്യം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.