അരിക്കൊമ്പൻ വിഷയത്തിൽ പ്രതികരണവുമായി കെ സുധാകരൻ

single-img
3 April 2023

ജനങ്ങൾക്ക് ഭീഷണിയായ അരിക്കൊമ്പൻ വിഷയത്തിൽ ​സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതിനോടകം ഏഴുപേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകർക്കുകയും 2 ദശാബ്ദമായി നാടിനു പേടിസ്വപ്‌നമായി മാറുകയും ചെയ്ത അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനും വനംവകുപ്പിനും അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ഇപ്പോൾ ഒരു നാടുമുഴുവൻ പേടിച്ചരണ്ടു കഴിയുമ്പോൾ സർക്കാരും കോടതിയും അതിന്റെ ഗൗരവം ഉൾക്കൊള്ളാതെ ഉറക്കംതൂങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി മാർച്ച് 29ന് ജനങ്ങളെ സാരമായി ബാധിക്കുന്ന വിധി പുറപ്പെടുവിച്ചിട്ട് അതിനെതിരേ കോടതിയിൽ സർക്കാർ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടൊണെന്ന് ജനങ്ങൾ അതിശയിക്കുകയാണ്. ഒരു നാടു മുഴുവൻ മുൾമുനയിൽ നില്ക്കുമ്പോൾ സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നത്.

വിഷയത്തിൽ ഇതുവരെ ഒരു ഉന്നതതലയോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടുണ്ടോ? പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വകുപ്പ് മന്ത്രി ഇതു സംബന്ധിച്ചു നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണ്? ജനങ്ങൾക്ക് ഇതൊക്കെ അറിയാനുള്ള അവകാശമുണ്ടെന്നും അവരുടെ ജീവൻവച്ചുള്ള കളിയാണ് നടക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.