വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവരുടെ മൂന്ന് പുരസ്കാരങ്ങളും അംഗീകരിക്കുന്നു; വെള്ളാപ്പള്ളിയെ തള്ളി കെ മുരളീധരൻ

പദ്മഭൂഷൺ പുരസ്കാരത്തിന് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതം ചെയ്യുന്നു, പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവരുടെ മൂന്ന് പുരസ്കാരങ്ങളും അംഗീകരിക്കുന്നു. എന്നാൽ, മറ്റ് പുരസ്‌കാരങ്ങളെക്കുറിച്ച് പറയാനില്ല. ദുരുദ്ദേശങ്ങൾ ജനം മനസിലാക്കുമെന്നും മുരളീധരൻ പറഞ്ഞു.
ശശി തരൂരിൻ്റെ സിപിഐഎം പ്രവേശം സംബന്ധിച്ച വാർത്തകളിൽ അദ്ദേഹത്തിനെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണത്. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം.
മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനപ്പൂർവം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ട് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിച്ച് പ്രയാസം പരിഹരിക്കും. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.


