സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ല; കെ കവിത ഇഡിക്ക് മുന്നില്‍ ഹാജരായില്ല

single-img
16 March 2023

വിവാദമായ ഡല്‍ഹി മദ്യനയ കേസില്‍ ബിആർഎസ് നേതാവ് കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായില്ല. പകരം ബിആര്‍എസ് ജനറല്‍ സെക്രട്ടറി സോമ ഭാരത് കുമാറാണ് ഇഡി ഓഫീസില്‍ എത്തിയത്. സോമ ഭാരത് ഇഡിക്ക് വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, മാര്‍ച്ച് 20ന് ഹാജരാകണമെന്ന് അറിയിച്ച് ഇഡി കവിതയ്ക്ക് വീണ്ടും സമന്‍സ് അയച്ചു. ഈ മാസം 11ന് ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കവിതയെ ഇഡി ഒമ്പത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഇഡിയുടെ നടപടിയെ ചോദ്യം ചെയ്ത് കവിത സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഇഡി പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ഹര്‍ജി ഈ മാസം 24ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.