കെ.സി. വേണുഗോപാലിന്റെ ബൈക്ക് യാത്ര പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു: ആരാണീ ഗിഗ് തൊഴിലാളികൾ?

single-img
22 February 2026

കെ.സി. വേണുഗോപാൽ കഴിഞ്ഞയാഴ്ച ഒരു ബൈക്ക് യാത്ര നടത്തി. കേരളത്തിലെ സോഷ്യൽ മീഡിയയിൽ തുടർന്നുള്ള ദിവസങ്ങളിൽ ഗിഗ് തൊഴിലാളികളെ കുറിച്ചുള്ള പോസ്റ്റുകളാണ് നിറഞ്ഞിരിക്കുന്നത്. ഒരു ഉപഭോക്താവ് തന്റെ ഓർഡറിൽ നിന്നു കുറച്ച് ഭക്ഷണം ഡെലിവറിക്കാരൻ പയ്യനുമായി പങ്കിട്ട കഥ, രാത്രി മുഴുവൻ യൂബർ ഓടിച്ച്, പകൽ പി.എസ്.സി പഠിക്കുന്ന ഒരു യുവാവിന്റെ പോരാട്ടം, മഴയിലും വെയിലിലും സമയം പാലിക്കാൻ ഓടുന്ന റൈഡർമാരുടെ അനുഭവങ്ങൾ എന്നിങ്ങനെ കഥകളുടെ പെരുമഴ. ഒരു ഭക്ഷണ ഡെലിവറി തൊഴിലാളിയുടെ ബൈക്കിൽ കെ.സി. വേണുഗോപാൽ യാത്ര ചെയ്ത ദൃശ്യമാണ് ഇതിനു തുടക്കമിട്ടത്.

തിരുവനന്തപുരം നഗരത്തിൽ ഗിഗ് തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ച കെ.സി. വേണുഗോപാൽ, അവരുടെ ജോലി സാഹചര്യങ്ങളും ജീവിതപ്രശ്നങ്ങളും നേരിട്ട് കേട്ടറിഞ്ഞു. ഡെലിവറി പങ്കാളികളും ആപ്പ് ടാക്സി ഡ്രൈവർമാരും നേരിടുന്ന വരുമാന അനിശ്ചിതത്വം, ഇന്ധനച്ചെലവ്, വാഹന വായ്പ, ഇൻഷുറൻസ് അഭാവം, ദീർഘ ജോലി സമയം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കര്‍ണാടക മാതൃകയിൽ ഗിഗ് തൊഴിലാളികൾക്കായി ക്ഷേമനിയമം കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ഭരണകക്ഷിയുടെ പ്രതികരണം വേഗത്തിലായിരുന്നു. സി.പി.ഐ.എം. ട്രോൾ പട്ടാളം സമയം പാഴാക്കാതെ ട്രോളാൻ തുടങ്ങിയപ്പോൾ, മന്ത്രിമാർ ഉൾപ്പെടെ എൽ.ഡി.എഫ് നേതാക്കൾ കേരളത്തിലെ ഗിഗ് തൊഴിലാളികൾക്കായി ആസൂത്രണം ചെയ്ത ക്ഷേമ പദ്ധതികളെ കുറിച്ച് പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി.

കെ.സി. വേണുഗോപാലിന്റെ ശ്രമത്തെ “ക്യാമറ ഗിമ്മിക്ക്” എന്ന് വിശേഷിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഈ മന്ത്രിസഭയുടെ കാലാവധിയിലെ അവസാന ബജറ്റിൽ ഗിഗ് ഹബുകൾക്കായി 20 കോടി രൂപ വകയിരുത്തിയതായി സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു.

ആരാണീ ഗിഗ് വർക്കർമാർ?

ഗിഗ് ജോലി എന്നത് എന്താണ്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന ചെറിയ ചെറിയ ജോലികളാണ് ഗിഗ് ജോലി. ഉബർ, ഓല, സ്വിഗി, സൊമാറ്റോ പോലുള്ള ആപ്പുകൾ വഴിയാണ് ഇത്തരം ജോലി ലഭിക്കുന്നത്. ഇവർ സ്ഥിരം ജീവനക്കാരല്ല. ഓരോ റൈഡിനും, ഓരോ ഡെലിവറിയ്ക്കും വേറിട്ടാണ് വരുമാനം. ജോലി സമയം തൊഴിലാളി തന്നെ തീരുമാനിക്കും. പക്ഷേ സ്ഥിരവരുമാനമില്ല. അപകട ഇൻഷുറൻസ്, പെൻഷൻ, മെഡിക്കൽ സുരക്ഷ തുടങ്ങിയ പരമ്പരാഗത ആനുകൂല്യങ്ങൾ പലർക്കും ലഭ്യമല്ല.

ഗിഗ് സമ്പദ്‌വ്യവസ്ഥ കേരളത്തിന്റെ തൊഴിൽരംഗത്തെ നിശ്ശബ്ദമായി മാറ്റിമറിക്കുകയാണ്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ആപ്പ് അടിസ്ഥാനത്തിലുള്ള ടാക്സി ഓടിക്കുന്ന ഡ്രൈവർമാരിൽ നിന്ന് ഡിജിറ്റൽ ടൈമറുകളോട് മത്സരിച്ച് ഓടുന്ന ഡെലിവറി തൊഴിലാളികൾ വരെ, ഏകദേശം രണ്ടുലക്ഷത്തോളം പേർ ഇന്ന് സംസ്ഥാനത്തെ പ്ലാറ്റ്ഫോം അധിഷ്ഠിത സേവന മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നു.

യുവാക്കളാണ് കൂടുതലും. പലരും വിദ്യാഭ്യാസമുള്ളവരാണ്. എന്നാൽ വിദ്യാഭ്യാസമുണ്ടെങ്കിലും സുരക്ഷയില്ലാത്ത ജോലിയാണ് ചെയ്യേണ്ടിവരുന്നത്. പുതിയ തൊഴിൽ മാതൃകയുടെ പ്രതീക്ഷയും അതിന്റെ അനിശ്ചിതത്വവും ഒരുമിച്ച് ഇവരുടെ ജീവിതത്തിൽ കാണാം.

ഗിഗ് ജോലി തരുന്നൊരു സ്വാതന്ത്ര്യമുണ്ട്: വേണമെങ്കിൽ ലോഗിൻ ചെയ്യാം അല്ലെങ്കിൽ ലോഗൗട്ട് ചെയ്യാം, ജോലി സമയം തിരഞ്ഞെടുക്കാം, അധിക വരുമാനം കണ്ടെത്താം. എന്നാൽ ആ സ്വാതന്ത്ര്യത്തിന് ഒരു വിലയുണ്ട്. ഇവരെ സ്ഥിരം ജീവനക്കാരായി കാണുന്നില്ല. ഓരോ ജോലിക്കും വേറിട്ടാണ് പ്രതിഫലം. ഇന്ധനച്ചെലവ്, വാഹന പരിപാലനം, ഇൻഷുറൻസ്, വായ്പ തിരിച്ചടവ്, വ്യക്തിഗത ക്ഷേമം: എല്ലാം തൊഴിലാളിയുടെ ചുമതല.

വരുമാനം കുറയുകയോ ആൽഗോരിതം പിഴവുകൾ ചുമത്തുകയോ ചെയ്താൽ അവർക്കു പിന്നിൽ ഉറപ്പ് സംവിധാനമില്ല. കേരളത്തിൽ ഡെലിവറി തൊഴിലാളികളുടെ ശരാശരി മാസവരുമാനം ഏകദേശം ₹17,000 വരെയാണെന്ന് കണക്കാക്കപ്പെടുന്നു. അയൽസംസ്ഥാനമായ കര്‍ണാടകത്തിൽ ഇതിൽ നിന്നല്പം കൂടും. എന്നാൽ ചെലവുകൾക്കു ശേഷമുള്ള കൈവശ വരുമാനം ഇതിൽ പ്രതിഫലിക്കുന്നില്ല. ഒമ്പത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ജോലി ചെയ്താലും ദിവസാവസാനം ലഭിക്കുന്നത് വളരെ ചെറിയ തുകയാണ്
രാജ്യത്ത് ഏകദേശം 40 ശതമാനം ഗിഗ് തൊഴിലാളികൾക്ക് മാസത്തിൽ ₹15,000ൽ താഴെയാണ് വരുമാനം. ജോലി സുരക്ഷയില്ലാതെ, പ്രൊവിഡന്റ് ഫണ്ട് ഇല്ലാതെ, പരിമിതമായ മെഡിക്കൽ പരിരക്ഷയോടെ ഈ ജീവിതരീതി ദീർഘകാലം നിലനിൽക്കാൻ പ്രയാസമാണ്.

പ്രശ്നം വരുമാനത്തിൽ മാത്രം ഒതുങ്ങുന്നില്ല; പ്രധാന പ്രശ്നം തൊഴിൽ സുരക്ഷയും സ്ഥിരാവരുമാനവുമാണ്. ഈ തൊഴിൽ മേഖലയിലെ സുരക്ഷിതത്വത്തിനായി കര്‍ണാടകത്തിൽ പ്രത്യേക നിയമം കൊണ്ടുവന്നപ്പോൾ കേരളത്തിൽ അത്തരമൊരു നിയമം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

കര്‍ണാടക 2025ൽ പ്ലാറ്റ്ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളി നിയമം കൊണ്ടുവന്ന് വെൽഫെയർ ബോർഡും ഫണ്ടും രൂപീകരിച്ചു. പ്ലാറ്റ്ഫോമുകളിൽ നിന്ന് ചെറിയ നിർബന്ധിത സംഭാവന സമാഹരിക്കുന്ന സംവിധാനവും അവിടെ നിലവിൽ വന്നു. അനാവശ്യ ഡീആക്ടിവേഷൻക്കെതിരെ സംരക്ഷണവും ഔദ്യോഗിക പരാതിനിവാരണ സംവിധാനവും നിയമം ഉറപ്പാക്കുന്നു. എല്ലാ അപകടങ്ങളും ഇല്ലാതാക്കുന്നില്ലെങ്കിലും, ഗിഗ് ജോലിയെ നിയമപരമായ തൊഴിൽ വിഭാഗമായി അംഗീകരിച്ച് ഒരു ഘടനാപരമായ സുരക്ഷ നൽകുകയാണ് ആ നിയമം ചെയ്യുന്നത്.

തെലങ്കാനയാവട്ടെ, ഈ വർഷം ഗിഗ് തൊഴിലാളികൾക്കായുള്ള ആദ്യത്തെ സമഗ്ര നിയമനിർമ്മാണം നടപ്പിലാക്കിയിരുന്നു. അതിൻപ്രകാരം ആപ്പുകൾ ഓരോ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകുകയും ആക്സിഡന്റ് ഇൻഷുറൻസ്, വാർധക്യ പരിരക്ഷ, ഗർഭകാല പരിരക്ഷ തുടങ്ങിയവ നൽകുകയും ചെയ്യുന്നു.

ശക്തമായ തൊഴിലാളി പാരമ്പര്യമുള്ള സംസ്ഥാനമായിട്ടും, കേരളം ഇതുവരെ സമാനമായ നിയമരൂപീകരണം നടത്തിയിട്ടില്ല. ഒരു കരട് ബിൽ പിൻവലിക്കപ്പെട്ടതായും, ഇപ്പോൾ സംസ്ഥാന സർക്കാർ പ്രധാനമായും കേന്ദ്ര നിയമങ്ങളായ 2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡിനെയും ഇ-ശ്രം പോർട്ടലിനെയും ആശ്രയിക്കുന്നതായും കാണാം. ഈ സംവിധാനങ്ങൾ സഹായകരമാണെങ്കിലും നടപ്പാക്കലിൽ ഇനിയും ഒരുപാട് നാം ചെയ്യേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ നടപ്പാക്കലിലെ ഈ വിടവ് കൂടുതൽ ദൃശ്യമാകുന്നു. ഇവിടെ ഗിഗ് തൊഴിലാളികൾ പലപ്പോഴും കൂടുതൽ വിദ്യാഭ്യാസമുള്ളവരും അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധമുള്ളവരുമാണ്. അതിനാൽ അവരുടെ പ്രതീക്ഷകളും കൂടുതലാണ്. സംരക്ഷണങ്ങൾ ലഭിക്കാതെ പോകുമ്പോൾ, നിരാശയും അസന്തോഷവും അതുപോലെ ശക്തവും!

കൂടുതൽ കർശനമായി ഗിഗ് പ്ലാറ്റഫോമുകളെ നിയന്ത്രിക്കാൻ മടിക്കുന്നതിന് വേറെയും കാരണങ്ങളുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സാമ്പത്തിക പ്രവർത്തനവും വരുമാനവും സൃഷ്ടിക്കുന്നു. അധികം നിയന്ത്രണം നിക്ഷേപങ്ങളെ ബാധിക്കാമെന്ന ആശങ്കയും ഉണ്ട്. എന്നാൽ നിയന്ത്രണം കുറവായാൽ, സുതാര്യതയില്ലാത്ത ആൽഗോരിതം അധിഷ്ഠിത മാനേജ്മെന്റ് സംവിധാനങ്ങൾ തൊഴിലാളികളെ കൂടുതൽ അനിശ്ചിതത്വത്തിലാക്കും.

റേറ്റിംഗ് അടിസ്ഥാനത്തിലുള്ള ഡീആക്ടിവേഷൻ പലപ്പോഴും വിശദീകരണമില്ലാതെ വരുമാനം പൂർണ്ണമായി നിർത്തിവെക്കും. സർജ് പ്രൈസിംഗ് സംവിധാനങ്ങൾ മുൻകൂട്ടി കണക്കാക്കാനാവില്ല. ഇൻസെന്റീവ് നിബന്ധനകൾ ഇടയ്ക്കിടെ മാറും. ഇത്തരത്തിലുള്ള സാഹചര്യത്തിൽ, നേരത്തേ പറഞ്ഞ “സ്വാതന്ത്ര്യം” എന്നത് ശക്തിയാകാതെ അസ്ഥിരതയായി മാറുന്നു.

കേരളം എന്നും പുരോഗമന തൊഴിലാളി പരിഷ്കാരങ്ങളെ സ്വാഗതം ചെയ്തിട്ടുള്ള സംസ്ഥാനമാണ്. ഇതേ കേരളത്തിൽത്തന്നെയാണ് ഓട്ടോ-ടാക്സി യൂണിയനുകൾ യൂബർ-ഓല തൊഴിലാളികളെ ആക്രമിച്ചിട്ടുള്ളതും!

ഗിഗ് സമ്പദ്‌വ്യവസ്ഥ ഒരു താൽക്കാലിക പ്രതിഭാസമല്ല, മറിച്ചു ഭാവിയിലെ തൊഴിൽ വിപണിയുടെ ഒരു സ്ഥിരം ഭാഗമാണെന്ന് തിരിച്ചറിയേണ്ട സമയം എത്തിയിരിക്കുന്നു.

ആവശ്യമായത് വി. ശിവൻകുട്ടി നടത്തിയതുപോലുള്ള പ്രസംഗങ്ങളല്ല, സുസ്ഥിരമായ ഘടനയാണ്. നിയമപരമായ വെൽഫെയർ ബോർഡ്, സുതാര്യമായ ഫണ്ടിംഗ് സംവിധാനം, അപകടവും മെഡിക്കൽ അടിയന്തിരാവസ്ഥകളും ഉൾക്കൊള്ളുന്ന ഇൻഷുറൻസ്, അന്യായമായ പ്ലാറ്റ്ഫോം തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ സ്വതന്ത്ര പരാതിനിവാരണ സംവിധാനം: ഇവയാണ് അടിസ്ഥാന ആവശ്യങ്ങൾ. വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ചെറിയ ക്ഷേമ സംഭാവനകൾ പോലും സ്ഥിരതയുള്ള സുരക്ഷാ വലയം സൃഷ്ടിക്കാൻ സഹായിക്കും. ദേശീയ തലത്തിൽ സാമൂഹ്യസുരക്ഷാ നിയമങ്ങൾ വ്യാപിപ്പിക്കപ്പെടുന്നുവെങ്കിലും, കേരളതിൽകെ ഗിഗ് തൊഴിലാളികൾ ഇന്നും കാത്തിരിക്കുന്നു. തൊഴിലാളിനയ രൂപീകരണത്തിൽ നേതൃത്വം നൽകുക എന്നത് സംസ്ഥാനത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

ഗിഗ് തൊഴിലാളികൾക്ക് ആരുടേയും ഓശാരം ആവശ്യമില്ല. അവർ ആവശ്യപ്പെടുന്നത് സുരക്ഷിതമായ തൊഴിലും മാന്യമായ വരുമാനവുമാണ്. ഭരണമാറ്റം ഉണ്ടാകുന്നതുവരെ അതിനൊരു തീരുമാനമാവാൻ സാധ്യതയില്ല. തത്കാലം നമുക്ക് സൈബർ സഖാക്കൾക്കൊപ്പം കെ.സി. വേണുഗോപാലിനെ ട്രോളാം.